ബീക്കണ് ടൌണ് - ആറാംമൈൽ ടൗൺ ശുചീകരണം
September 30, 2026
ആറാംമൈൽ ടൗൺ ശുചീകരണം
ചുരുങ്ങിയ ദിവസങ്ങൾ മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്... എങ്ങനെ ഒരു ടൗണിനെ പൂർണ തോതിൽ ശുചീകരിക്കാനാകും എന്നത് പ്രയാസമേറിയ കാര്യവും.. ഒരു നാടിൻ്റെ ഇന്നത്തെ മുഖം മാറ്റാൻ ഒരു കൂട്ടം നാട്ടുകാർ ഒരുമിച്ച് ആഗ്രഹിച്ചപ്പോൾ കാണാനായത് മനോഹരമായ ഒരു പകൽചിത്രമാണ്..
ജാതി-മത വിത്യാസമില്ലാതെ, പ്രായഭേദമില്ലാതെ ആറാംമൈലിനെ സ്നേഹിക്കുന്ന മുഴുവനാളുകളും 7 മണിക്ക് തന്നെ ടൗണിൽ എത്തി.. കുഞ്ഞു അമ്പാടി മുതൽ മുതിർന്ന രാഘവേട്ടൻ വരെയുള്ളവർ തങ്ങളെ കൊണ്ട് ആവുന്നതൊക്കെയും ചെയ്തു..
" ഈ നാട് ഇങ്ങനെയാണ് ഏത് പ്രയാസ ഘട്ടത്തിലും ഒന്നിച്ചു നിന്ന ചരിത്രമാണ് ഈ മണ്ണിന് "
കോട്ടയം ഗ്രാമപഞ്ചായത്തിലെ ബീക്കൺ ടൗണായി ആറാമൈൽ ടൗണിനെ പ്രഖ്യാപിച്ചതു മുതൽ ആദ്യഘട്ട ശുചീകരണ പ്രവർത്തനം വരെ ഏറ്റെടുത്ത മുഴുവൻ പ്രവർത്തനങ്ങളും ഏറ്റവും മനോഹരമായ രീതിയിൽ പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു.
ഈ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചതിൽ സംഘാടക സമിതി അംഗങ്ങൾ, വ്യാപാരികൾ, വായനശാല ഭാരവാഹികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, യുവജനങ്ങൾ, സന്നദ്ധ സംഘടന പ്രവർത്തകർ തുടങ്ങിവരുടെ പങ്ക് വളരെ വലുത് തന്നെയാണ് ..
നാടിനെ മാറ്റിയെടുക്കാൻ കൂടെ നിന്നവരിൽ ഹരിതകർമസേനാംഗങ്ങളുടെയും, തൊഴിലുറപ്പ് തൊഴിലാളികളായ അമ്മമാരുടെയും പ്രയത്നം കാണാതിരിക്കാൻ ആവില്ല. ഓരോ മുക്കും മൂലയും ഒരുമിച്ച് നിന്ന് ശുചീകരിക്കാൻ അവർക്ക് മടിയില്ലായിരുന്നു.. എല്ലാറ്റിലുമുപരി എന്റെ പ്രിയപ്പെട്ട ബാലസംഘം കൂട്ടുകാർ, കുഞ്ഞു കരങ്ങൾ തൂമ്പയും തുണിയുമെടുക്കാൻ 7 മണിക്ക് തന്നെ ഓടിയെത്തിയിരുന്നു.. ഒരു പരിഭവവും കാട്ടാതെ നാടിനെ മനോഹരമാക്കാൻ അവരും കട്ടക്ക് നിന്നു..
നിങ്ങളുടെ ഓരോരുത്തരുടെയും സഹകരണത്തിനും സ്നേഹത്തിനും ആത്മാർത്ഥമായ പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി. ❤️
ഈ പരിശ്രമം ഇവിടെ അവസാനിക്കുന്നില്ല…
നമ്മുടെ നാടാണ്… നമ്മുടെ കടമയാണ്
നാട് മാറട്ടെ .. നമ്മളിലൂടെ.